ആമുഖം
ദൈവ സ്നേഹത്തിൻറെ കരുതലിൽ ഒരു വർഷം കൂടി പിന്നിട്ട് ഇടവക 100 വർഷം തികച്ചിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം ഇടവകയായി ഈ പ്രദേശത്ത് നിലനിൽക്കുവാൻ ലഭിച്ചതായ അനന്തമായ കൃപാവരങ്ങൾ ഓർത്ത് ദൈവത്തിന് മഹത്വം കരേറ്റുന്നു. വിശുദ്ധിയുടെ മനോഹാരിതയിൽ ദൈവത്തെ ആരാധിക്കുന്നതിനും സ്നേഹത്തിൻറെയും കരുതലിൻറെയും മുഖങ്ങളിലൂടെ അനേകരെ ധന്യതയിലേക്ക് നയിക്കുന്നതിനും നമുക്ക് സാധിച്ചു. വിശ്വാസ ജീവിതയാത്രയിൽ ദൈവ മുഖത്തേക്ക് നോക്കി പ്രാർഥിച്ച ഒരു ചെറിയ കൂട്ടം സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ട ഒരു വലിയ സമൂഹമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ആയിരിക്കുന്നു. ദൈവം നടത്തിയ വഴികളിൽ അനുഭവിച്ച നന്മകൾ ഏറെയാണ്. കാലാകാലങ്ങളിൽ ഇടവകയ്ക്ക് നേതൃത്വം നൽകിയ വൈദീകരേയും ആത്മീയ നേതാക്കളേയും സ്മരിക്കുകയും ധന്യമായ ശുശ്രൂഷകളെ ഓർത്ത് ദൈവത്തിന് മഹത്വം കരേറ്റുകയും ചെയ്യുന്നു.
ഇടവക വികാരി
2021 മെയ് 1 മുതൽ ബഹു. കെ ജെ ഫിലിപ്പ് അച്ചൻ കുടുംബസമേതം പാഴ്‌സനേജിൽ താമസിച്ച് ഇടവകയുടെ ദൈനംദിന പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. അച്ചൻറെയും കുടുംബത്തിൻറെയും സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
ഭവനങ്ങൾ
1922 ൽ 84 കുടുംബങ്ങളുമായി ആരംഭിച്ച നമ്മുടെ ഇടവക ഇന്ന് 20 പ്രാർഥനാഗ്രൂപ്പുകളിലായി 472 ഭവനങ്ങളും 2161 അംഗങ്ങളുമുള്ള ഇടവകയായി വളർന്നു.
ആരാധന
എല്ലാ ഞായറാഴ്ചയും രാവിലെ 9.30 ന് വിശുദ്ധ കുർബാന ക്രമീകരിച്ചു വരുന്നു. വിശുദ്ധ കുർബാനയിൽ ജന്മദിനം, വിവാഹവാർഷികം, പ്രത്യേക സ്തോത്രപ്രാർഥന, ദശാംശ സമർപ്പണം എന്നീ ശുശ്രൂഷകൾ നടത്തുന്നു. ഇടവകദിനം, കുടുംബ പ്രതിഷ്ഠാദിനം, ഇടവക കൺവൻഷൻ, ക്രിസ്തുമസ്, പുതുവത്സരം എന്നീ അവസരങ്ങളിൽ പ്രത്യേക കുർബാന അനുഷ്ഠിക്കപ്പെടുന്നു.
